2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വിലക്കയറ്റം പിടിച്ചു നിര്‍ത്തി!!

240px-Indian_Rupee_symbol.svg“വിലക്കയറ്റം പിടിച്ചു നിര്‍ത്തി. വിലക്കയറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന പ്രമേയം പാസ്സാക്കിയത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്കൊടുവില്‍ ധന മന്ത്രി പ്രഖ്യാപിച്ച നടപടികള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് ഈ നേട്ടം കൈവരിക്കാനായത്” ഇത്തരത്തില്‍ ഒരു ബ്രേക്കിങ്ങ് ന്യൂസ്‌ ഈ ആഴ്ച കേള്‍ക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയൊന്നും പ്രതിപക്ഷം വിലക്കയറ്റത്തിനെതിരായ പ്രമേയം പാര്‍ലമെന്റില്‍ കൊണ്ട് വരുന്നു എന്ന് കേട്ടപ്പോള്‍ എനിക്കുണ്ടായിരുന്നില്ല പക്ഷേ കുറഞ്ഞ പക്ഷം വിലക്കയറ്റം തടയുന്നതിനു വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ പോകുന്ന നടപടികളെ കുറിച്ചുള്ള ചില വ്യക്തമായ സൂചനകളെങ്കിലും ജൂണ്‍ നാലാം തിയതിയിലെ പ്രണബ്മുഖര്‍ജിയുടെ മറുപടി പ്രസംഗത്തില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ കുറെ പദ്ധതികളെക്കുറിച്ചുള്ള മേനി പറച്ചില്‍ മാത്രമാണ് മന്ത്രിയുടെ പ്രസംഗത്തില്‍ മുഴച്ചു നിന്നത്.
എന്തായാലും മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുന്‍പ് ഇത്തരത്തിലൊരു പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് പ്രചോദനമായ കാരണം എന്താണെന്ന് നോക്കാം. “ഞാന്‍ വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുമായിരുന്നു, എന്റെ പടങ്ങള്‍‍ പ്രസിദ്ധീകരിക്കപ്പെടുമായിരുന്നു. പക്ഷേ വോട്ടു ചോദിച്ചുകൊണ്ട് ഞാന്‍ എന്റെ മണ്ഡലത്തിലെ ഒരു വിദൂരമായ ഗ്രാമത്തിലേക്കു കടന്നു ചെന്നപ്പോള്‍ ഒരു സ്ത്രീ എന്നോടു ചോദിച്ചു 'മണ്ണെണ്ണയുടെ വില എന്താണ്?' എനിക്ക് ഒരു മറുപടിയും പറയുവാന്‍ ഉണ്ടായിരുന്നില്ല. ആ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോറ്റു. നിങ്ങള്‍ക്കും അതേ ഗതി തന്നെ വരും.….. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ വ്യാകുലപ്പെടണം, അല്ലാത്തവര്‍ക്ക് ആശ്വസിക്കാം”. ഇത് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച യശ്വന്ത്‌ സിന്‍ഹയുടെ വാക്കുകളാണ്.  ചുരുക്കി പറഞ്ഞാല്‍ അടുത്ത ഇലക്ഷനെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങളോട് ഞങ്ങള്‍ സര്‍ക്കാരിനെതിരെ ഇത് ചെയ്തു അത് ചെയ്തു എന്നിട്ടും അവര്‍ നന്നായില്ല എന്ന് പറഞ്ഞു നാല് വോട്ടു നേടണം. ഇത് മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ട. ഈ വിഷയത്തില്‍ ഞങ്ങള്‍ എന്തൊക്കെയോ ചെയ്തു എന്ന് വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുന്ന യു. പി എ. സര്‍ക്കാരിനെയും നയിക്കുന്നത് അടുത്ത ഇലക്ഷന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ചൂണ്ടിക്കാണിക്കുവാന്‍ എന്തെങ്കിലുമൊക്കെ വേണ്ടേ എന്ന ചിന്തയാണ് എന്ന് നിസ്സംശയം പറയാം. പിന്നെ ഭരണ പക്ഷമായത് കൊണ്ട് ബി.ജെ.പി പറയുന്നത് പോലെ അത്ര പച്ചയ്ക്ക് അത് വിളിച്ചു പറയാന്‍ പറ്റുകയില്ലല്ലോ.
കഴിഞ്ഞ ഫെബ്രുവരി ആദ്യ വാരം പ്രധാന മന്ത്രി ശ്രീ മന്മോഹന്‍ സിങ്ങ് ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത് “നാണയപ്പെരുപ്പം (സാമ്പത്തിക) വളര്‍ച്ചയുടെ ഗതിവേഗത്തിന് ഒരു ഗുരുതരമായ്‌ ഭീഷിണിയാണ് ഉയര്‍ത്തുന്നത്. കാരണം എന്ത് തന്നെയായാലും നാണയപ്പെരുപ്പം വളരെ വേഗത്തില്‍ തന്നെ വരുതിയില്‍ വരുത്തേണ്ട ഒന്ന് തന്നെയാണെന്നുള്ളത് ഒരു വസ്തുതയായി അവശേഷിക്കുന്നു. “ പ്രധാനമന്ത്രി ഇത് പറഞ്ഞിട്ട് ഇപ്പോള്‍ ആറു മാസം കഴിഞ്ഞിരിക്കുന്നു ഇത് വരെയും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നത് പോയിട്ട് അത് വര്‍ധിക്കുന്ന തോത് പോലും താഴേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇനിയും നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുത വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുമ്പോഴും പ്രധാനമന്ത്രിയുടെ സങ്കടം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന കഷ്ടത്തെ കുറിച്ചായിരുന്നില്ല മറിച്ചു സാധാരാണക്കാരന് ശരിയായ പ്രയോജനം ഇനിയും ലഭിച്ചിട്ടില്ല എന്ന് അദേഹത്തിന്റെ ഉപദേഷ്ടാവ് തന്നെ, കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷവേളയില്‍, പരോക്ഷമായി സൂചിപ്പിച്ച സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചായിരുന്നു. സത്യത്തില്‍ ഇവിടെ വളരുന്നത് കുറെ കോര്‍പറേറ്റ് കുത്തകള്‍ മാത്രമല്ലേ? ദരിദ്രരും ഇടത്തരക്കാരും അടങ്ങുന്ന ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പെടാപ്പാട് പെടുകയാണ്.
പാര്‍ലമെന്റില്‍ വിലക്കയറ്റത്തെ കുറിച്ച് നടന്ന ചര്‍ച്ചയും പ്രധാനമായും സാമ്പത്തിക വളര്‍ച്ച വിലക്കയറ്റത്തിനു കാരണമാകുന്നുണ്ടോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. സാമ്പത്തിക വളര്‍ച്ച വിലക്കയറ്റത്തിനു കാരണമാകുന്നുണ്ടെങ്കില്‍ അങ്ങനെ ഒരു വളര്‍ച്ച ഞങ്ങള്‍ക്ക് വേണ്ടെന്നു പ്രതിപക്ഷവും മിതമായ നിരക്കിലുള്ള വിലക്കയറ്റത്തോടുകൂടി വളര്‍ച്ച വേണമെന്ന് ഭരണപക്ഷവും പറഞ്ഞു. സത്യത്തില്‍ ഈ വിഷയത്തില്‍ വ്യക്തമായ ഒരു ധാരണ ഇല്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു; സാമ്പത്തിക വളര്‍ച്ച സാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ടതാണ് എന്നത് ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് യശ്വന്ത്‌ സിന്‍ഹയും, സാമ്പത്തിക വളര്‍ച്ചയും നാണയപ്പെരുപ്പവും തമ്മില്‍  സഹജമായ വൈരുദ്ധ്യം ഒന്നുമില്ലെന്ന് പ്രണബ്മുഖര്‍ജിയും തങ്ങളുടെ പ്രസംഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി പറയുവാന്‍ മാത്രം എകണോമിക്സൊന്നും എനിക്കറിയില്ല. എങ്കിലും എന്റെ അന്വേഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് സാമ്പത്തിക വളര്‍ച്ച വിലക്കയറ്റത്തിനല്ല മറിച്ച് സാധന സാമഗ്രികളുടെ വില കുറയുന്നതിനാണ് കാരണമാകേണ്ടതെന്നാണ്. അതായത് സാമ്പത്തിക വളര്‍ച്ച സംഭവിക്കുന്നത് ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനം കൂടുന്നതിലൂടെയാണ്. അങ്ങനെയാണ് യഥാര്‍ത്ഥ സമ്പത്ത് വര്‍ദ്ധിക്കുന്നത്. ഉത്പാദനം കൂടുക എന്നുവച്ചാല്‍ ഒരു നിശ്ചിത ആകെ തുകയ്ക്ക് കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുക എന്നാണു. അങ്ങനെ വരുമ്പോള്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയുകയാണ് വേണ്ടത്. പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂട്ടിയത് പോലും രാജ്യത്തിന്റെ പുരോഗതി അവതാളത്തിലാകാത്തിരിക്കാനാണെന്നും അത് കൊണ്ടാണ് കുറച്ചു ഭാരം ജനങ്ങളുടെ മേലും ഇട്ടതെന്നും പറഞ്ഞു ന്യായീകരിച്ച പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട് എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സാമ്പത്തിക വളര്‍ച്ച ‘രാജ്യത്തിന്റെ പുരോഗതി’യോടൊപ്പം (അതിന്റെ അര്‍ത്ഥം എന്ത് തന്നെയാണെങ്കിലും)  സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന രീതിയിലുള്ളതാണ് എന്ന് ഈ രാജ്യത്തെ ജനങ്ങളെ കാര്യ കാരണ സഹിതം ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം ഉണ്ട്.
പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞതെന്താണെന്ന് മുകളില്‍ സൂചിപ്പിചിരുന്നുവല്ലോ. നാം മനസ്സിലാക്കേണ്ട ഒരു വസ്തുത, സര്‍ക്കാരിന് തന്നെ ഈ വിഷയത്തില്‍ ഒരു അഭിപ്രായ ഐക്യമോ ധാരണയോ ഇല്ല എന്നതാണ്. ഇത് ഏറ്റവും വ്യക്തമാക്കുന്നതായിരുന്നു ഈ വിഷയത്തെക്കുറിച്ച് റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ ദുവ്വൂരി സുബ്ബറാവു നടത്തിയ അഭിപ്രായ പ്രകടനം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ നാണയപ്പെരുപ്പ തോത് പരമാവധി അതിരിനും വളരെ മുകളിലാണ് അതിനാല്‍ സാമ്പത്തിക നയ രൂപീകരണം നടത്തുന്നവര്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറച്ചു കൊണ്ട് വരേണ്ടത് വിലക്കയറ്റം നിയന്ത്രിക്കുവാന്‍ അത്യാവശ്യമാണ്. വിലക്കയറ്റം തടയുന്നതിന് വേണ്ടി സാമ്പത്തിക വളര്‍ച്ച ഏതെങ്കിലും തരത്തില്‍ കുറയ്ക്കുവാന്‍ ഉദേശിക്കുന്നില്ല എന്ന സന്ദേശം നല്‍കുന്ന പ്രണബ്മുഖര്‍ജിയുടെ വാക്കുകള്‍ക്ക്‌ കടകവിരുദ്ധമാണ്, പലിശ നിരക്ക് ഉയര്‍ത്തുവാനുള്ള തീരുമാനത്തെ ന്യായീകരിച്ചു കൊണ്ടുള്ള റിസേര്‍വ് ബാങ്ക് ഗവര്‍ണറുടെ നിര്‍ദേശം. ഈ സര്‍ക്കാര്‍ വിലക്കയറ്റത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്നതിനെക്കുറിച്ച് ഗൌരവമായി ചര്‍ച്ച ചെയ്തു ഒരു നയം രൂപീകരിച്ചട്ടില്ല എന്നും ഈ പ്രശനത്തിലുള്ള ജനരോഷം ശമിപ്പിക്കുന്നതിനു വേണ്ടി വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്നു പറയുന്നത് പോലെ വെറുതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയുമണെന്നല്ലേ ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്‌. വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്നു പറഞ്ഞു തലയൂരാന്‍ ശ്രമിക്കുന്ന, ഉത്തരവാദിത്ത ബോധം നാലയലത്ത് കൂടി പോയിട്ടില്ലാത്ത, ഈ സര്‍ക്കാരിനെ വിശ്വസിച്ചു നാം ഇനിയും അടങ്ങിയിരിക്കേണ്ട കാര്യമുണ്ടോ എന്നത് ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പലപ്പോഴും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെറുമൊരു കാഴ്ചക്കാരന്റെ വേഷമാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. ഉദാഹരണത്തിന് കഴിഞ്ഞ ജൂണ്‍ മാസം കേന്ദ്ര ആസൂത്രണബോര്ഡ് ഉപാധ്യക്ഷന് മൊണ്ടേക്സിങ് അലുവാലിയ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ചത് “വിലക്കയറ്റം 5 മുതല്‍ 6 ശതമാനം വരെയുള്ള തലത്തിലേക്ക് താഴ്ത്തി കൊണ്ട് വരുക എന്നതായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണന. വിലക്കയറ്റം ഇപ്പോള്‍ കുറയുവാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത് അത് താഴ്ന്നു വരും”. രാജ്യത്തിന്റെ സാമ്പത്തിക നയ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കേണ്ട ഒരു വ്യക്തി, വിലക്കയറ്റം ഉയര്‍ന്നു വരുന്നു എന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലപിക്കുന്ന വേളയില്‍, ഏതോ ഒരു കാഴ്ചക്കാരനെ പോലെ അത് താഴേക്ക്‌ വരുന്നുണ്ട് താഴ്ന്നു വരും എന്നൊക്കെ പറയുന്നതില്‍ ഒരു വല്ലാത്ത അപാകതയില്ലേ? നമ്മുടെ രാജ്യം ഭരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിന്റെ മൂര്ത്തീഭാവം വെളിവാകുന്ന ഇത്തരം പ്രസ്താവനകള്‍ കേട്ടിട്ടും മ്ണ്ടാതിരിക്കുവാന്‍ ആര്‍ക്കു കഴിയും?
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധനവാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് ഒരു  പ്രധാന കാരണം. നമ്മുടെ ഉപഭോഗത്തിനാവശ്യമായത്തില്‍ 75 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയില്‍ നമ്മുക്കൊരു നിയന്ത്രണവുമില്ലാത്തത് കൊണ്ട് ഈ വില വര്‍ധനവ്‌ നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല എന്നാണ് പ്രണബ്മുഖര്‍ജി ഇതിനെക്കുറിച്ച്‌ വിലപിച്ചത്. വിലകൂടിയതിനെ ന്യായീകരിക്കുന്ന നാട്ടുമ്പുറത്തെ പല ചരക്കു കച്ചവടക്കാരനെക്കാള്‍ കഷ്ടമായിപ്പോയി കേന്ദ്ര ധനകാര്യ മന്ത്രിയുടെ നിലപാട് എന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയുവാന്‍ സാധിക്കുകയുള്ളൂ. കുറെ എണ്ണ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി എണ്ണ കമ്പനികളുടെ ആര്‍ഭാട പൂര്‍ണ്ണമായ നടത്തിപ്പ് ചിലവും  ലാഭവും കൂട്ടി വില്‍ക്കുന്ന ഒരു വലിയ എണ്ണ മുതലാളി സ്റ്റൈല്‍ പരിപാടി മാത്രമേ ലോകത്തിലെ ദരിദ്രരില്‍ മൂന്നിലൊരുഭാഗവും വസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ജനാധിപത്യ സര്‍ക്കാരിന് ചെയ്യുവാന്‍ കഴിയുകയുള്ളോ? കുറഞ്ഞ പക്ഷം ഭക്ഷ്യ സാധനങ്ങളുടെ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കെങ്കിലും കുറഞ്ഞ തുകയ്ക്ക് ഡീസല്‍ ലഭ്യമാക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കുവാന്‍ സര്‍ക്കാരിന് സാധിക്കുകയില്ലേ? അതുമല്ലെങ്കില്‍ അവശ്യ വസ്തുക്കളുടെ ചരക്കു നീക്കം സര്‍ക്കാര്‍ നടത്തട്ടെ. അതെങ്ങനെയാ, പരമാവധി വ്യവസായ വാണിജ്യ മേഘലകളില്‍ നിന്ന് പിന്മാറി സ്വകാര്യ മേഘലയെ പരിപോഷിപ്പിച്ചു പാവപ്പെട്ടവന്റെ ചോര ഊറ്റിക്കുടിക്കാന്‍ മുതലാളിമാര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കാനുള്ള തത്രപ്പാടിനിടയില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് പോലും പാപമല്ലേ. ഇനിയും, കുറഞ്ഞ പക്ഷം ഭക്ഷണ സാധനങ്ങളുടെ ചരക്കു നീക്കത്തിന് മാത്രം ഉപയോഗത്തിന് ഉതകുന്ന രീതിയിലെങ്കിലും ബയോഫ്യുവല്‍ ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ആ മേഘലയില്‍ എന്തെങ്കിലും കാര്യമാത്ര പ്രസക്തമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുവാന്‍ ശ്രമിക്കുന്നുണ്ടോ? ഇത്തരം ധാരാളം പ്രതിവിധികള്‍ രാജ്യത്തെ പൌരന്മാരോട് പ്രതിബദ്ധത ഉള്ള ഒരു സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില്‍ നിശ്ചയമായും കണ്ടെത്തുവാന്‍ സാധിക്കും.  സര്‍ക്കാര്‍ അങ്ങനെയൊക്കെ ചെയ്‌താല്‍ റിലയന്‍സിന്റെ പെട്രോളിയം വ്യവസായത്തിന്റെ  കാര്യം പിന്നെ ആര് നോക്കും എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ധാന്യ വിളകളുടെ കൃഷി കൂട്ടുകയും ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ഊര്‍ജ്ജ മേഘലയില്‍ ‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍‍ വര്‍ദ്ധിത വീര്യത്തോടുകൂടെ നടപ്പിലാക്കുകയും ചെയ്തു കൊണ്ടാണ് വിലക്കയറ്റത്തെ നേരിടേണ്ടത് എന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ സി. രംഗരാജൻ അഭിപ്രായപ്പെട്ടത്. ഇതൊന്നും വെറുതെ കുറെ സെമിനാറുകളില്‍ പ്രസംഗിച്ചും ലേഖനങ്ങളെഴുതിയും പാണ്ഡിത്യം തെളിയിച്ചു കൈയ്യടി നേടിയത് കൊണ്ട് ഒരു കാര്യവുമില്ല. ഈ കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാകാനുള്ള രൂപ രേഖ തയ്യാറാക്കുകയും അതിനനുസരിച്ച് നടപ്പിലാക്കുകയും ആ നടപടികളുടെ അനന്തരഫലമായി വിലക്കയറ്റം കുറയുന്നതിന്റെ വ്യക്തമായ പ്രതിഫലനം ഇന്ത്യയിലെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിലും അവന്റെ സമ്പാദ്യത്തിലും ഉണ്ടാകണം. അപ്പോള്‍ മാത്രമേ നമ്മുടെ നികുതിപ്പണം ഇങ്ങനെ കുറെ 'വിദഗ്ദ്ധന്മാര്‍ക്ക്’ ആര്‍ഭാട പൂര്‍ണ്ണമായി ജീവിക്കുവാന്‍ കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായി എന്നു കരുതുവാന്‍ കഴിയുകയുള്ളൂ.
ഒരു ജനാധിപത്യ ഭരണകൂടത്തിന് വിലക്കയറ്റം തടയുന്നതിന് വേണ്ടി നിശ്ചയമായും ഇപ്പോള്‍ ചെയുന്നതിനെക്കാള്‍ അനേകം മടങ്ങ്‌ ഫലപ്രാപ്തി ഉളവാക്കുന്ന രീതിയില്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരുവാനും വിപണിയില്‍ ശക്തമായി ഇടപെടുവാനും‍ സാധിക്കും. അല്ലാതെ വെറുതെ ഒഴുക്കിനനുസരിച്ചു മുന്നോട്ടു പോകുവാനാണെങ്കില്‍ പിന്നെ ഇങ്ങനെ ഒരു ഭരണകൂടത്തിന്റെ ആവശ്യം എന്താണ്?. നമ്മുടെ ഭരണ നേതൃത്വം അവരുടെ ഉത്തരവാദിത്വം നിറവേറ്റുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഒരു സാധാരണ പൌരന് എന്ത് ചെയ്യുവാന്‍ സാധിക്കും? ഒരു പൌരന് ഒറ്റയ്ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല പക്ഷെ നാം ഒരുമിച്ചു നിന്ന് ഈ ഭരണകൂട നിഷ്ക്രിയത്വത്തിനെതിരെ അതി ശക്തമായി പ്രതികരിച്ചാല്‍ നമ്മുക്ക് മാറ്റങ്ങള്‍ കൊണ്ടു വരുവാന്‍ സാധിക്കും. നമ്മുടെ ക്ഷോഭം കുറെ പരസ്പരമുള്ള സംഭാഷണങ്ങളിലും ഓണ്‍ലൈന്‍ പ്രതികരണങ്ങളിലും മാത്രം ഒതുങ്ങരുത്. അത് കൂട്ടായ ഒരു ജനകീയ പ്രക്ഷോഭമായി വളരണം. സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് നാം ആവശ്യപ്പെടണം. ആ ആവശ്യങ്ങളുന്നയിച്ച് ഈ സര്‍ക്കാരിനെതിരെ സമരമുഖങ്ങള്‍ തുറക്കണം. കുറെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ്‌ ചെയ്തത് കൊണ്ടു ഒരു കാര്യവുമില്ല. സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കുന്നതിന് അധികാരം ഉള്ള മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥന്മാരെയുമായിരിക്കണം നമ്മുടെ സമരങ്ങള്‍ ലക്ഷ്യമാക്കേണ്ടത്. അങ്ങനെ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുജനം ഒരു വലിയ കഴുത കൂട്ടമല്ലെന്ന് അധികാര വര്‍ഗ്ഗത്തിനെ ബോധ്യപ്പെടുത്തണം. ഇങ്ങനെ ജനം ഭരണ നടപടികളില്‍ ഇടപെടേണ്ടി വരുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരാജമായി ചിലരെങ്കിലും കണക്കാക്കിയേക്കാം പക്ഷെ ഇത് ഈ കാലഘട്ടത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു ആവശ്യമാണ്‌.
അടിക്കുറുപ്പ്: “സോണിയാഗാന്ധി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്‌.“ പോക്കറ്റു കാലിയായാലും സ്വന്തം പാര്‍ട്ടിയെ മറക്കാന്‍ പറ്റൂല്ലാല്ലോ……