2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

അഭൌമികം ഒരു തുടക്കം

295904main_PIA11375_full

എന്നാണ് ഞാന്‍ അഭൌമികമായ കാര്യങ്ങളെക്കുറിച്ച് ഗൌരവമായി ചിന്തിച്ചു തുടങ്ങിയത്? വ്യക്തമായി ഓര്‍മയില്ല. ഞാന്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്നും ഞാന്‍ ഇല്ലാതാകുന്ന ഒരു കാലഘട്ടം വരുന്നുണ്ട് എന്നും ഉള്ള ഒരു ബോധ്യത വളരെ ചെറുപ്പത്തിലേ എനിക്കുണ്ടായിരുന്നു. ഒരു പക്ഷെ ആ തിരിച്ചറിവ് തന്നെയായിരിക്കണം അഭൌമികമായ കാര്യങ്ങളെ കുറിച്ചുള്ള എന്റെ അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടത്.

അനന്തമായ ഇരുളില്‍ മിന്നിമറയുന്ന ഒരു തീപ്പൊരി മാത്രമാണ് മനുഷ്യന്റെ ജീവിതം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. എന്താണ് മനുഷ്യ ജീവിതത്തിന്റെ അര്‍ഥം? മനുഷ്യജീവിതത്തിന്റെ അര്‍ഥം എന്താണ് എന്നറിയണമെങ്കില്‍ മനുഷ്യന്‍ ആരാണെന്ന് അറിയണം. മനുഷ്യന്‍ ആരാണെന്നറിയണമെങ്കില്‍ മനുഷ്യന്‍ എവിടെ നിന്ന് വന്നു എന്നും മനുഷ്യകുലത്തിന്റെ ആത്യന്തികമായ അവസാനം എന്തായിരിക്കും എന്നും അറിയണം. മനുഷ്യന്‍ എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിന് ആധുനിക ശാസ്ത്രം നല്‍കുന്ന ഉത്തരമെന്താണ്?

ഏകദേശം പതിനഞ്ചു ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു മഹാ വിസ്ഫോടനതോട് കൂടെയാണ് പ്രപഞ്ചം ആരംഭിച്ചത് എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞാനായ സ്റ്റീഫന്‍ ഹോകിങ്ങ്സ് തന്റെ ദി നേച്ചര്‍ ഓഫ് സ്പേസ് ആന്‍ഡ്‌ ടൈം എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച്‌ ഇപ്രകാരമാണ് പറയുന്നത് "പ്രപഞ്ചവും സമയം തന്നെയും മഹാവിസ്ഫോടനത്തോട്‌ കൂടിയാണ് ആരംഭിച്ചത് എന്ന് മിക്കവാറും എല്ലാവരും ഇപ്പോള്‍ വിശ്വസിക്കുന്നു". കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫെസ്സര്‍ ജോണ്‍ ഡി ബാരോ തന്റെ ദി അന്ത്രോപിക്‌ കൊസ്മോലോജിക്കല്‍ പ്രിന്‍സിപ്പിള്‍ എന്ന പുസ്തകത്തില്‍ ഈ ആശയം അല്പം കൂടെ വ്യക്തമാക്കുന്നു "ഈ എകത്വതില്‍ (മഹാവിസ്ഫോടന സമയത്തെ) പ്രപഞ്ചവും സമയവും അസ്തിത്വതിലേക്ക് വന്നു; അക്ഷരാര്‍ഥത്തില്‍ ഒന്നും തന്നെ ഇതിനു മുന്‍പ് ഉണ്ടായിരുന്നില്ല". അങ്ങനെ ഒന്നുമില്ലായ്മയില്‍ നിന്നും പ്രപഞ്ചം പതിനഞ്ചു ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്ഭവിച്ചു. ഏകദേശം 4.5 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പദാർത്ഥങ്ങൾ അടിഞ്ഞുകൂടി ഭൂമി രൂപം കൊള്ളുന്നത്‌. ഭൂമിയില്‍ ജീവന്‍ ഉത്ഭവിക്കുന്നത് ഏകദേശം 3.5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് . ധാരാളം സിദ്ധാന്തങ്ങള്‍ പലരും മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും ജീവന്‍ എങ്ങനെയാണ് ഉത്ഭവിച്ചതെന്നു ഈ ലേഖനം എഴുതുന്നത്‌ വരെ കൃത്യമായി വിശദീകരിക്കുവാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഏകദേശം 250,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ചു ഏകദേശം 50,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവസാനിച്ച ദീര്‍ഘമായ ഒരു പരിണാമ പ്രക്രിയയിലൂടെയാണ് ആധുനിക മനുഷ്യന്‍ ജന്മമെടുക്കുന്നത്.

ഈ പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവത്തെക്കുറിച്ച് മുകളില്‍ നല്‍കിയിരിക്കുന്ന വിശദീകരണം മനുഷ്യ ജീവിതമെന്നത് പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും മൂല്യമുള്ളതാണെന്നോ ആത്യന്തികമായ എന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടി ഉളവായി വന്നതാണെന്നോ അതിനാല്‍ തന്നെ എന്തെങ്കിലും ആത്യന്തികമായ അര്‍ത്ഥമുള്ള ഒരു കാര്യമാണെന്നോ ഉള്ള ഒരു നിഗമനത്തിലേക്ക് ആരെയും എത്തിക്കുമെന്ന് തോന്നുന്നില്ല. മറിച്ചു സമയത്തിന്റെയും പദാര്‍ഥങ്ങളുടെയും ആകസ്മികതകളുടെയും ഒരു ഉല്പന്നമാണ് മനുഷ്യന്‍ എന്നതായിരിക്കും കൃത്യമായ ഒരു ശാസ്ത്രീയ വിശദീകരണം. ഫ്രഞ്ച് ബയോളജിസ്റ്റായ ജാക്വസ് മൊണാദ് തന്റെ ചാന്‍സ് ആന്‍ഡ്‌ നെസെസ്സിറ്റി എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞിരിക്കുന്നു "തികച്ചും ആകസ്മികമായി മാത്രം താന്‍ ആവിര്‍ഭവിച്ചു വന്ന അതിബൃഹത്തായ ഈ പ്രപഞ്ചത്തില്‍ താന്‍ ഏകനാണെന്ന് ഒടുവില്‍ മനുഷ്യന്‍ തിരിച്ചറിയുന്നു". ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണമിതാണെങ്കില്‍ അന്ത്യത്തെക്കുറിച്ച് ശാസ്ത്രത്തിനെന്താണ് പറയുവാനുള്ളതെന്നും കൂടി നമ്മുക്ക് പരിശോധിക്കാം.

മനുഷ്യന്‍ മറ്റെല്ലാ ജൈവ വസ്തുക്കളെയും പോലെ മരിക്കും. ശ്വാസോച്ഛ്വാസം നിലച്ച് ചലനമറ്റ്‌ നാഡീസ്‌പന്ദനവും ഹൃദയത്തുടിപ്പും നഷ്ടപ്പെട്ട് രക്തചംക്രമണം നിലച്ച് ശരീര താപം നഷ്ടപ്പെട്ട് ശരീരം മരവിച്ചുറച്ച് ഒടുവില്‍ ദുര്‍ഗന്ധത്തോടുകൂടെ അഴുകി മണ്ണില്‍ ചേരുകയോ അല്ലെങ്കില്‍ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്ത് അവന്‍ ഇല്ലായ്മയാകും. ഇത് കൂടുതല്‍ ശാസ്ത്രീയ വിശദീകരണങ്ങള്‍ കൂടാതെ തന്നെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് മനുഷ്യ വംശത്തിന്റെ ഭാവി എന്താണ് എന്ന കാര്യത്തില്‍ ശാസ്ത്രത്തിന്റെ നിഗമനമെന്താണ് എന്നതാണ് ഞാന്‍ കൂടുതല്‍ വിശദമായി പരിശോധിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഒരു ജീവി വര്‍ഗ്ഗം എന്ന നിലയില്‍ മനുഷ്യന്റെ ആത്യന്തികമായ ഭാവിയെക്കുറിച്ച് മനസ്സിലാക്കുവാന്‍ അവന്‍ അധിവസിക്കുന്ന ഈ ഭൂമിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനസ്സിലാക്കിയാല്‍ മതിയാകും.

മനുഷ്യന്‍ അധിവസിക്കുന്ന ഈ ഭൂമിയുടെ ഭാവി ഒട്ടും ശുഭകരമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. സൌര താപത്തിലെ വര്‍ദ്ധന മൂലം ഭൌമാന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിനാലും കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാലും ഏകദേശം 0.8 മുതല്‍ 1.6 വരെ ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ മിക്കവാറും പൂര്‍ണ്ണമായും തന്നെ നശിക്കും. ഏകദേശം 7.59 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ ജീവിതാന്ത്യത്തിൽ അതിന്റെ കാമ്പിലെ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുതീരുമ്പോൾ കാമ്പ് ചുരുങ്ങകയും ചൂടുപിടിക്കുകയും തൽഫലമായി പുറംപാളികൾ വികസിച്ച് ചുവപ്പുഭീമൻ എന്ന ഘട്ടത്തിൽ പ്രവേശിക്കുകയും ചെയ്യും തുടര്‍ന്ന് വിവിധ ആകര്‍ഷണ പ്രവാഹങ്ങളുടെ പ്രതിപ്രവര്‍ത്തനത്തിന്റെയും ഊര്‍ജസ്വലമായ വലിവുകളുടെയും ഫലമായി സൂര്യന്‍ ഭൂമിയെ വിഴുങ്ങുകയും ചെയ്യും. ഇനി സൗരയൂഥത്തിനു പുറത്തുളള മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് താമസം മാറ്റി രക്ഷപെടാമെന്നു കരുതിയാല്‍ അതും ഒരു ശാശ്വതമായ രക്ഷപെടലാവുകയില്ല. കാരണം പ്രപഞ്ചത്തിന്റെ ഭാവിയും ഒട്ടും ശുഭകരമല്ല എന്നത് തന്നെ. എല്ലാ ശാസ്ത്രീയ നിഗമനങ്ങളും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കപ്പെടാവുന്നതാണ്. അതിനാല്‍ തന്നെ പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ച് കിറു കൃത്യമായ ഒരു വിവരണം ലഭിക്കുന്നതിനു ഇനിയും എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. അതിനുള്ളില്‍ പ്രപഞ്ചത്തിന്റെ 72 ശതമാനവും ഉള്‍ക്കൊള്ളുന്ന ഇരുണ്ട ഊര്‍ജ്ജതെക്കുറിച്ചു ഇപ്പോള്‍ നടക്കുന്ന പഠനങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതപ്പെടുന്നു. അതിന്റെയര്‍ത്ഥം പ്രപഞ്ചത്തിനു എന്തെങ്കിലും ശോഭനമായ ഭാവിയുണ്ടെന്ന ദിശയിലേക്ക് ശാസ്ത്രീയ നിഗമനങ്ങള്‍ തിരിയുവാന്‍ സാധ്യതയുണ്ടെന്നല്ല മറിച്ച് ഇപ്പോള്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനങ്ങളില്‍ ഏറ്റവും കൃത്യമായത് ഏതാണ് എന്ന് നിര്‍ണ്ണയിക്കുവാന്‍ പുതിയ തെളിവുകള്‍ സഹായകമാകും എന്നാണ് ഉദേശിച്ചത്‌. ആധുനിക ഭൌതിക ശാസ്ത്രലോകത്ത്‌ വളരെയധികം സൈദ്ധാന്ധികന്മാരുണ്ട് അവരെല്ലാം അവരുടെ ഭാവനയ്ക്കനുസരിച്ച് സിദ്ധാന്ധങ്ങളും മെനഞ്ഞെടുക്കുന്നുണ്ട്. പക്ഷേ ലഭ്യമായ ഏറ്റവും പുതിയ തെളിവുകളുടെയും യുക്തിസഹമായ സാധ്യതകളുടെയും അടിസ്ഥാനത്തില്‍ സാധൂകരിക്കാവുന്ന നിഗമനങ്ങള്‍ "മഹാ തണുത്തുറയല്‍" (Big Freeze), "മഹാ പറിച്ചുകീറല്‍" (Big Rip) "മഹാ ഇടിച്ചു തകരല്‍" (Big Crunch) എന്നിവയാണ്. ഇതില്‍ ഇപ്പോള്‍ ശാസ്ത്രലോകം പൊതുവില്‍ അംഗീകരിച്ചിട്ടുള്ള "മഹാ തണുത്തുറയലാണോ" (Big Freeze) അതോ അത്രത്തോളം പിന്തുണ ലഭിച്ചിട്ടില്ലാത്ത "മഹാ പറിച്ചുകീറലാണോ" (Big Rip) അതോ ഇപ്പോള്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത "മഹാ ഇടിച്ചു തകരലാണോ" (Big Crunch) (ഇരുണ്ട ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനം പ്ര്തിലോമമാവുകയാണെങ്കില്‍) സംഭവിക്കാന്‍ സാധ്യത എന്നതാണ് പ്രപഞ്ചഘടനാശാസ്‌ത്രജ്ഞാനമാര്‍ പ്രപഞ്ചാന്ത്യത്തോടുള്ള ബന്ധത്തില്‍ ഉറ്റു നോക്കുന്നത്.

പ്രപഞ്ചത്തിന്റെ ഭാവി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ പ്രപഞ്ചത്തിന്റെ വികാസവും സാന്ദ്രതയും പ്രപഞ്ചത്തിലെ ഇരുണ്ട ഊര്‍ജ്ജവുമാണ്. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചം ഏകദേശം 70.8 (km/sec)/Mpc വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്. നാസയുടെ വില്‍കിന്‍സണ്‍ മൈക്രോവേവ് അനിസോട്രോപി പ്രോബില്‍ നിന്നും ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് പ്രപഞ്ചത്തിന്റെ ആകൃതി പരന്നതാണെന്നു വളരെ കൃത്യമായി (± 1%) അറിയുവാന്‍ സാധിച്ചിട്ടുണ്ട്. ഇരുണ്ട ഊര്‍ജ്ജത്തിന്റെ അഭാവത്തില്‍ പരന്ന ആകൃതിയുള്ള പ്രപഞ്ചം അന്തമായി വികസിക്കുകയും വികാസത്തിന്റെ വേഗത ക്രമേണ കുറഞ്ഞു വരികയും ചെയ്യും. എന്നാല്‍ ഈ വികാസത്തിന്റെ വേഗം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഹബ്ബിള്‍ ടെലസ്കോപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തകാലത്തായി സ്ഥിരീകരിക്കുകയുണ്ടായി. ഗുരുത്വാകര്‍ഷണത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന ഇരുണ്ട ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനം മൂലമാണ് പ്രപഞ്ചത്തിന്റെ വികാസത്തിന്റെ വേഗത വര്‍ദ്ധിച്ചു വരുന്നത് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇരുണ്ട ഊര്‍ജ്ജത്തിനെക്കുറിച്ചുള്ള പലകാര്യങ്ങളും ഇനിയും അറിയുവാനുണ്ട്. ഇരുണ്ട ഊര്‍ജ്ജത്തെക്കുറിച്ചു പഠിക്കുവാന്‍ നാസയും യു എസ് ഡിപാര്‍ട്ട്മെന്‍റ് ഓഫ് എനെര്‍ജിയും ചേര്‍ന്ന് ദി ജോയിന്റ് ഡാര്‍ക്ക്‌ എനെര്‍ജി മിഷന്‍ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ ഇരുണ്ട ഊര്‍ജ്ജത്തിന്റെ ശക്തി ഭാവിയില്‍ ഏതെന്കിലും തരത്തില്‍ കുറയുവാനുള്ള സാധ്യതയുണ്ടെന്ന് തെളിയിക്കുന്നില്ലെന്കില്‍ നിലവില്‍ കാണപ്പെടുന്ന, ഈ വേഗത കൂടി വരുന്ന, പ്രപഞ്ചത്തിന്റെ വികാസം ഭാവിയില്‍ കൂടുതല്‍ വേഗത കൈവരിക്കും എന്ന ഇപ്പോഴത്തെ അനുമാനം മാറ്റമില്ലാതെ തുടരും. ഇങ്ങനെ അതിവേഗത്തില്‍ വികാസം പ്രാപിക്കുന്ന പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഒരു നിഗമനം പ്രപഞ്ചം "മഹാ പറിച്ചുകീറല്‍" (Big Rip) എന്ന അവസ്ഥയിലേക്ക്‌ എത്തിച്ചേരും എന്നതാണ്. ഈ സിദ്ധാന്തം പ്രകാരം സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഇരുണ്ട ഊര്‍ജ്ജത്തിന്റെ വീര്യം കൂടി വരികയും ക്രമേണ അത് ഭ്രമാത്മക ഊര്‍ജ്ജം എന്ന അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും. തുടര്‍ന്ന് ഈ ഭ്രമാത്മക ഊര്‍ജ്ജത്തിനാല്‍ പ്രപഞ്ചത്തിലെ താരസമൂഹങ്ങള്‍ മുതല്‍ വലുതും ചെറുതുമായ എല്ലാ പദാര്‍ത്ഥങ്ങളും പറിച്ചു കീറപ്പെടുകയും അവയെല്ലാം കെട്ടഴിഞ്ഞ മൗലികകണങ്ങളും വികിരണങ്ങളുമായി ശിഥിലമാകുകയും ചെയ്യും. അവസാനം പ്രപഞ്ചം ഒരു ആത്യന്തിക ഏകത്വത്തില്‍ അവസാനിക്കും. ഇത് ഏകദേശം 22 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കും എന്നാണ് സിദ്ധാന്തം പറയുന്നത്. എന്നാല്‍ "മഹാ പറിച്ചുകീറല്‍" (Big Rip) എന്ന അവസ്ഥ ഉണ്ടാകണമെങ്കില്‍ ജഗദ്വര്‍ണ്ണന സ്ഥിരാങ്കത്തിനു (Cosmological Constant) ചെറിയ ഒരു മാറ്റം വരുത്തേണ്ടത് ആവശ്യമാണ്‌, എന്നാല്‍ അത് ശാസ്ത്രലോകം പൊതുവില്‍ അംഗീകരിക്കാത്ത ഒരു കാര്യമാണ്, അതിനാല്‍ തന്നെ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു പരന്ന പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് ശാസ്ത്ര ലോകത്തു പൊതുവില്‍ അംഗീകാരം നേടിയിട്ടുള്ളത് "മഹാ തണുത്തുറയല്‍" (Big Freeze) എന്ന നിഗമനമാണ്.

ആകൃതി കൊണ്ട് തന്നെ അനന്തമായി വികാസം പ്രാപിച്ചു കൊണ്ടിരിക്കുവാന്‍ പോകുന്ന ഒന്നാണ് പ്രപഞ്ചം ഇതിനു പുറമെയാണ് പ്രപഞ്ചത്തിന്റെ 72 ശതമാനമായ ഇരുണ്ട ഊര്‍ജ്ജം താര സമൂഹങ്ങളെ പരസ്പരം തള്ളിയകറ്റിക്കൊണ്ടിരിക്കുന്നത്. ഈ വികാസത്തിന്റെ ഫലമായി പ്രപഞ്ചത്തിലെ താപനില അസംപാതരേഖികമായി കേവല പൂജ്യത്തില്‍ എത്തിചേരുന്ന അവസ്ഥയെയാണ് "മഹാ തണുത്തുറയല്‍" എന്ന് പറയുന്നത്. പ്രപഞ്ചം വികാസം പ്രാപിക്കുന്തോറും അത് കൂടുതല്‍ ഇരുണ്ടതും തണുത്തതും എകാന്തവുമായി മാറും. അവശേഷിക്കുന്ന ഊര്‍ജ്ജം കൂടുതല്‍ വിശാലാതയിലേക്ക് പരക്കുന്നതോടെ താപനില കുത്തനെ കുറയും. പ്രപഞ്ചത്തിനു ഏകദേശം രണ്ടു ട്രില്ല്യന്‍ വര്‍ഷം പ്രായമാകുമ്പോള്‍ നമ്മുടെ വിര്‍ഗോ ഉപരിവൃന്ദത്തിനപ്പുറമുള്ള താരസമൂഹങ്ങളെയൊന്നും നമ്മുടെ താര സമൂഹത്തില്‍ നിന്നും യാതൊരു തരത്തിലും കണ്ടെത്തുവാനോ അവ ഉണ്ടെന്നു തിരിച്ചറിയുവാനോ പോലും സാധിക്കുകയില്ല. ആ സമയത്തേക്ക് നമ്മുടെ സൂര്യന്‍ ചുവപ്പ് ഭീമന്‍ എന്നാ അവസ്ഥയും കടന്നു ഭൂമിയെയും വിഴുങ്ങി വെള്ളക്കുള്ളന്‍ എന്ന അവസ്ഥയിലെത്തിയിട്ടുണ്ടാകും. തുടര്‍ന്ന് നക്ഷത്രങ്ങളെല്ലാം അവയിലെ ആണവ ഇന്ധനം ഉപയോഗിച്ചു തീരുകയും താരസമൂഹങ്ങള്‍ പ്രപഞ്ചത്തെ പ്രഭാപൂരിതമാക്കുന്ന അവസ്ഥ നിന്ന് പോവുകയും ചെയ്യും. പ്രപഞ്ചത്തിനു 1015 വര്‍ഷ൦ പ്രായമാകുമ്പോള്‍ ആരംഭിക്കുന്ന അധഃപതന യുഗത്തെ തുടര്‍ന്ന് പ്രപഞ്ചം മരിച്ച കുള്ളന്‍ നക്ഷത്രങ്ങളുടെയും ജീര്‍ണിച്ച ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെയും ഒരു ചവറ്റു കൂനയായി മാറും. ഈ സമയത്ത് പ്രോട്ടോണ്‍ അപചയത്തിലൂടെയും കണികകളുടെ ഉന്മൂലനത്തില്‍ കൂടിയുമായിരിക്കും പ്രപഞ്ചത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കപെടുന്നത്. പ്രപഞ്ചത്തിനു 1040 വര്‍ഷം പ്രായമാകുമ്പോഴേക്കും തമോഗര്‍ത്തങ്ങള്‍‍ മാത്രമായിരിക്കും പ്രപഞ്ചത്തില്‍ അവശേഷിക്കുക. എന്നാല്‍ അവയും പതുക്കെ ഹോക്കിങ് വികിരണത്തിന്റെ ഫലമായി ബാഷ്പീകരിക്കപ്പെടും. പ്രപഞ്ചത്തിനു 10100 വര്‍ഷം പ്രായമാകുമ്പോള്‍ പ്രപഞ്ചം കറുത്ത യുഗം എന്ന അവസ്ഥയിലേക്ക് പ്രവേശിക്കും. അപ്പോഴേക്ക് മിക്കവാറും ശൂന്യമായ ഈ ഇരുണ്ട തണുത്ത പ്രപഞ്ചത്തില്‍ അവശേഷിക്കുന്നത് എല്ലാത്തിന്റെയും അവശിഷ്ടമായ പറന്നു നടക്കുന്ന ഫോടോണുകളും ന്യൂട്രിനോകളും പോസിട്രോണുകളും മാത്രമായിരിക്കും. പോസിട്രോണുകള്‍ ഇടക്കൊക്കെ കൂടിയിടിച്ചു പോസിട്രോണിയം അണുക്കള്‍ രൂപപ്പെട്ടേക്കാം. എങ്കിലും സ്ഥിരതയില്ലാത്ത ഘടനയുള്ള ഇവയിലെ കണങ്ങള്‍ ഒടുവില്‍ ഉന്‍മൂലനത്തിനു വിധേയമാകും. വളരെ പതുക്കെ മറ്റു താണ തലത്തിലുള്ള ഉന്മൂലനങ്ങളും നടക്കും. പ്രപഞ്ചത്തിലെ താപനില അതീവ താണ നിലയിലെതുന്നതോടെ എല്ലാ പ്രവര്‍ത്തികളും എല്ലാ ഊര്‍ജ്ജ പ്രവാഹങ്ങളും അവയെ ആശ്രയിച്ചു നിന്നിരുന്ന ജീവനും തണുത്തു മരവിച്ച ഒരു വിരാമത്തിലേക്ക്‌ വരുകയും അനന്തമായി വികസിക്കുന്ന തണുത്ത ഇരുണ്ട പ്രപഞ്ചം ഒടുവില്‍ താപ മരണം പ്രാപിക്കുകയും ചെയ്യും. ആയതിനാല്‍ ഓരോ മനുഷ്യന്റെയും ജീവിതം മാത്രമല്ല മനുഷ്യകുലം മുഴുവനും ഈ പ്രപഞ്ചവും നാശത്തിലേക്കാണ് കുതിക്കുന്നത് എന്ന് ഒരു ശാസ്ത്രീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പറയുവാന്‍ സാധിക്കും.

ഈ ജീവിതാവസാനമോ അല്ലെങ്കില്‍ മനുഷ്യകുലത്തിന്റെയും ജീവന്റെ തന്നെയും നാശമോ അതല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ മരണമോ ഇപ്പോള്‍ സംഭവിക്കുവാന്‍ പോകുന്ന കാര്യമല്ല എന്നു പറഞ്ഞു നാം നമ്മെ തന്നെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു. പക്ഷേ ഫ്രഞ്ച് തത്ത്വചിന്തകനായ ജീന്‍ പോള്‍ സാര്‍ട്രെ തന്‍റെ “ദി വാള്‍” ചെറുകഥാ സമാഹാരത്തിലെ അതേ പേരിലുള്ള കഥയില്‍ തന്‍റെ കഥാപാത്രമായ പാബ്ലോയിലൂടെ പറഞ്ഞതുപോലെ “നിത്യമായ ജീവിതം എന്ന മിഥ്യാധാരണ നഷ്ടപ്പെട്ടാല്‍ പിന്നെ, ചില മണിക്കൂറുകളുടെയോ അതോ ചില വര്‍ഷങ്ങളുടെയോ, കാത്തിരിപ്പെല്ലാം ഒരുപോലെ തന്നെയാണ്”. ഇനിയും മരണത്തെക്കുറിച്ച് വളരെ ലാഘവത്തോടു കൂടി നാം പലപ്പോഴും സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യാറുണ്ട് കാരണം മറ്റൊരുവന്റെ അല്ലെങ്കില്‍ മറ്റൊന്നിന്റെ മരണം എന്ന രീതിയില്‍ മരണത്തെ വീക്ഷിക്കുന്നത് പലപ്പോഴും ഭയപ്പെടുത്തുന്ന ഒന്നായിരിക്കണമെന്നില്ല. എന്നാല്‍ ‘എന്റെ മരണം’ ‘ഞാന്‍ എന്നെന്നേക്കുമായി ഇല്ലതാകുവാന്‍ പോവുകയാണ്’ എന്ന കാഴ്ചപ്പാടില്‍ നിന്ന് സമീപികുമ്പോള്‍ മാത്രമേ മരണത്തിന്റെ ശരിയായ അസ്തിത്വപരമായ പ്രാധാന്യം മനസ്സിലാവുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ ജീവിതമെന്നത് ഇല്ലായ്‌മയില്‍ നിന്നും നിസ്സാരത്വത്തില്‍ കൂടെ വിസ്‌മൃതിയിലേക്കുള്ള ഒരു സംക്രമണം മാത്രമാണ്.

പ്രശസ്ത ബ്രിട്ടീഷ് ദാർശനികനായ ബെർട്രാൻഡ് റസ്സലിന്റെ വാക്കുകളില്‍ "അന്ത്യഫലമായി എന്താണ് നേടുന്നത് എന്ന കാര്യത്തെക്കുറിച്ച് ഒരു കരുതലുമില്ലാതിരുന്ന കുറെ ‘കാരണങ്ങളുടെ’ ഉല്പന്നമാണ് മനുഷ്യന്‍, അവന്റെ ജന്മവും അവന്റെ വളര്‍ച്ചയും അവന്റെ പ്രത്യാശകളും ഭയങ്ങളും അവന്റെ സ്നേഹവും അവന്റെ വിശ്വാസങ്ങളും പരമാണുക്കളുടെ യാദൃശ്ചികമായ സങ്കലനത്തിന്റെ പരിണിതഫലമാണ്, അതിനാല്‍ തന്നെ ഒരു ഉത്സാഹത്തിനും ഒരു ധീരതയ്ക്കും ഒരു തീവ്രമായ ചിന്തയ്ക്കും വികാരങ്ങള്‍ക്കും ഒരു വ്യക്തിയുടെയും ജീവിതത്തെ കുഴിമാടത്തിനപ്പുറത്തേക്ക് പരിരക്ഷിച്ചു നിര്‍ത്തുവാന്‍ കഴിയുകയില്ല. അതിനാല്‍ എല്ലാ കാലങ്ങളിലെയും എല്ലാ പ്രയത്നങ്ങളും എല്ലാ ഉപാസനകളും എല്ലാ പ്രചോദനങ്ങളും എല്ലാ മനുഷ്യ പ്രതിഭകളുടെയും ഉച്ചസ്ഥായിയിലുള്ള തിളക്കവും സൗരയൂഥത്തിന്റെ വിപുലമായ മരണത്തോടുകൂടെ നാമാവശേഷമായിത്തീരുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും ശ്രേഷ്ഠസൗധങ്ങളും തകര്‍ന്നടിഞ്ഞുകിടക്കുന്ന പ്രപഞ്ചത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ അനിവാര്യമാം വിധം കുഴിച്ചുമൂടപ്പെടേണ്ടവയാണ്- ഈ കാര്യങ്ങളെല്ലാം, പരിപൂര്‍ണമായും തര്‍ക്കാതീതമായവയല്ലെങ്കിലും, ഏറെക്കുറെ സുനിശ്ചിതമായ കാര്യങ്ങളാണ്. അതിനാല്‍ അവയെ നിരാകരിക്കുന്ന ഒരു തത്ത്വശാസ്‌ത്രവും നിലനില്‍ക്കാമെന്ന് പ്രത്യാശിക്കേണ്ട. ഈ സത്യങ്ങളുടെ തട്ടില്‍ മാത്രം, കീഴടങ്ങാത്ത ഹതാശയുടെ ഉറച്ച അടിസ്ഥാനത്തില്‍ മാത്രമേ ഇനിമേലില്‍ ദേഹിയുടെ* വാസസ്ഥാനം സുരക്ഷിതമായി നിര്‍മ്മിക്കുവാന്‍ സാധിക്കുകയുള്ളൂ”.


അടിക്കുറിപ്പ്:
അവലംബങ്ങളിലേക്കുള്ള കണ്ണികള്‍ അവ ഉപയോഗിച്ചിരിക്കുന്നിടത്തു തന്നെ നല്‍കിയിട്ടുള്ളതിനാല്‍ പ്രത്യേകമായി എടുത്തെഴുതുന്നില്ല. പ്രപഞ്ചത്തിന്റെ അന്ത്യാവസ്ഥയെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ എന്റെ തന്നെ വിവര്‍ത്തനമാണ്. കൂടുതല്‍ കടുകട്ടിയായ വാക്കുകള്‍ കിട്ടിയാല്‍ പിന്നീട് നവീകരിക്കുന്നതായിരിക്കും.
*ദേഹി എന്ന വാക്കിന് ആത്മീകമായ എന്തെങ്കിലും അര്‍ഥം കല്പിക്കേണ്ടതില്ല. റസ്സല്‍ അത്തരം കാര്യങ്ങളിലൊന്നും വിശ്വസിച്ചിരുന്നില്ല.